സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന താളുകള്‍

ഒരു സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള അനശ്വരമായ യാത്ര. ആ യാത്രയില്‍ എനിക്ക് കൂട്ടായി ഈ ബ്ലോഗ്‌ മാത്രം.. ആരും അറിയാതെ മനസ്സില്‍ സുന്ദരമായ സ്വപ്‌നങ്ങള്‍ നെയ്യുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു...

അനുരാഗം

on Sunday, March 31, 2013


ഒരു ട്രെയിന്‍ യാത്രയിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്. പ്രഥമദര്‍ശനാനുരാഗം ഒന്നുമായിരുന്നില്ല അത്. സത്യത്തില്‍ എന്നെ ആകര്‍ഷിക്കാനുള്ള ഒന്നും അവളില്‍ ഞാന്‍ കണ്ടില്ല. എന്നിട്ടും ഒരു കടലോളം സ്നേഹം അവിടെ ഉടലെടുക്കുകയായിരുന്നു.

പുറത്ത് മലനിരകളും ഇളകിയൊഴുകുന്ന പുഴകളും മരങ്ങളും പിന്നിലാക്കി കൊണ്ട് ട്രെയിന്‍ അതിവേഗം യാത്ര തുടര്‍ന്നു. ആള്‍തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്‍റ്, അടുത്തെങ്ങും ആരുമില്ല. അല്ലെങ്കിലും ഏകാന്തത ആയിരുന്നു എനിക്കെപ്പോഴും പ്രിയം. പുറത്തെ പച്ചപ്പും പുല്‍മേടുകളും ആസ്വദിച്ച് കൊണ്ട് ഞാന്‍ ഇരുന്നു.

അപ്പോഴാണ് അവള്‍ ആദ്യമായി മുന്നില്‍ വന്നത്. എവിടെ നിന്നും വരുന്നു, എങ്ങോട്ട് പോകുന്നു എന്നൊന്നും അറിയില്ല. എനിക്ക് അഭിമുഖമായിട്ടുള്ള സീറ്റില്‍ അവള്‍ ഇരുന്നു. കയ്യില്‍ ഒരു ഹാന്‍ഡ്‌ ബാഗും മൊബൈലും മാത്രം.

പരസ്പരം ഒരു ആകര്‍ഷണവും ഇല്ലാതെ ഞങ്ങള്‍ ഇരുവരും അവരവരുടെ പ്രവൃത്തികളില്‍ തന്നെ എര്‍പെട്ടിരുന്നു. ആരോടോ ഫോണില്‍ കലപിലാ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. വിരസമായ യാത്രയില്‍  അരസികമായി സമയം കളയാന്‍ സംസാരത്തില്‍ മുഴുകിയ ആ കുട്ടിയെ ഞാന്‍ ഒരു നിമിഷം ശ്രദ്ധിച്ചു. എന്നില്‍ ഒരു കഥ ഉണരുകയായിരുന്നു...

ഞാന്‍ എന്റെ എഴുത്തു സാമഗ്രികള്‍ എടുത്തു. അപ്പോഴാണ് അവള്‍ ആദ്യമായി എന്നെ ശ്രദ്ധിക്കുന്നത്. മനസ്സില്‍ നിന്നെത്തിയ ആദ്യവരികള്‍ കുറിച്ചിടുമ്പോള്‍ തന്നെ അവളുടെ ചിറ്റ് ചാറ്റ് അവസാനിച്ചു. ഒരു പക്ഷെ അതായിരിക്കും അവളില്‍ ആദ്യമായി ഞാന്‍ കണ്ട ആകര്‍ഷകത്വം.

"എക്സ്ക്യൂസ് മീ, താങ്കളുടെ പേര് പറയാമോ?"

മനോഹരമായ ശബ്ദം. പെട്ടെന്നായിരുന്നു ആ ചോദ്യം.

"വിശ്വനാഥ്.. "

ഞാന്‍ മറുപടി കൊടുത്തു.

"എഴുതുകാരനാണോ?"

നല്ല ചോദ്യം. എന്‍റെ ജുബ്ബയും വളര്‍ത്തിയ താടിയും കണ്ണടയും കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നി പോകും.

"അങ്ങനെയൊന്നും ഇല്ല.. വല്ലപ്പോഴും എന്തെങ്കിലും ഒക്കെ എഴുതും"

ഞാന്‍ വിനയം കൈ വിട്ടില്ല. അവളുടെ മുഖത്ത് ഭാവഭേദങ്ങള്‍ മാറി മറയുന്നു. ആ പെണ്‍കുട്ടിക്ക് എന്തിനാണ് ഇത്രയും ആകാംക്ഷ എന്ന് ഞാന്‍ അത്ഭുതപെട്ടു. അവളുടെ ജീന്‍സും ടോപ്പും ഇംഗ്ലീഷും മലയാളവും കലര്‍ന്ന സംസാരവും ഒന്നും ഇതുമായി ചേരുന്നില്ല.

"ഞാനും എഴുത്തും വല്ലപ്പോഴും ഒക്കെ. ഇപ്പോ ഒന്നിനും സമയം കിട്ടാറില്ല. എന്നാലും എഴുതുംട്ടോ? കഴിഞ്ഞ കൊല്ലം എന്‍റെ കഥക്ക് ഒന്നാം സമ്മാനം കിട്ടിയതാ, സാഹിത്യ ഭൂഷണം കഥാരചനാമത്സരത്തില്‍"

കൊള്ളാം, ഞാന്‍ മനസ്സില്‍ വിചാരിച്ചു . അതൊരു പുഞ്ചിരിയായി എന്റെ  മുഖത്തെത്തിയപ്പോള്‍ അവള്‍ക്കും സന്തോഷം.

പക്ഷേ... ഒരു നിമിഷം. സാഹിത്യഭൂഷണം? കഴിഞ്ഞ വര്‍ഷം? അതിന്റെ ജഡ്ജിംഗ് പാനലില്‍ ഞാനും ഉണ്ടായിരുന്നല്ലോ? പുറത്തേക്ക് നോക്കി... ഒന്ന് കൂടെ ചിന്തിച്ചു. അപ്പോഴാണ്‌ ഓര്‍മ്മകള്‍ തിരിച്ചു വരാന്‍ തുടങ്ങിയത്.

"ലക്ഷ്മി?"

അവളുടെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു.

"അതെ, എങ്ങനെ മനസ്സിലായി എന്റെ പേര്?"

അതിനു ഞാന്‍ മറുപടി പറഞ്ഞില്ല. വീണ്ടും ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. അനിയന്ത്രിതമായ ജീവിത സാഹചര്യത്തെ മനോഹരമായ ഒരു കാവ്യരൂപമാക്കി മാറ്റിയ ഒരു വൃദ്ധന്റെ കഥ എഴുതിയ ലക്ഷ്മി. അന്ന് ആ കഥ തന്നെ ഒരുപാട് ചിന്തിപ്പിച്ചിരുന്നു. അര്‍ത്ഥവൈകല്യങ്ങളും ആശയക്കുഴപ്പവും നിറഞ്ഞ ഒരു കൂട്ടം കഥകളില്‍ കാമ്പുള്ള ഒരു കഥ അത് മാത്രമായിരുന്നു.

തിരക്കേറിയ ഒരു സമയം ആയിരുന്നു അത്. ഒരു അഭിനന്ദനം നല്കാനോ എഴുതിയ ആളെ കാണാനോ അന്ന് അവസരം കിട്ടിയില്ല. ഇന്ന് അപ്രതീക്ഷിതമായി അതെ ലക്ഷ്മി തന്നെ തന്റെ മുന്നിൽ ഇരിക്കുന്നു. ഒരു പക്ഷെ കണ്ടു മുട്ടണം എന്ന് തന്നെ ആയിരുന്നിരിക്കണം നിയോഗം. 

"എങ്ങനെയാ എന്റെ പേര് മനസ്സിലായത്?" 

അവള്‍ വീണ്ടും ചോദിച്ചു. അപ്പോഴാണ് ഞാന്‍ തിരിച്ചു വന്നത്.

"എനിക്കറിയാം, ആ മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ഞാനും. ഞാനാണ്‌ ആ കഥകളില്‍ നിന്നും ഇത് തിരഞ്ഞെടുത്തത്. നന്നായിട്ടുണ്ടായിരുന്നു.. അന്ന് പറയാന്‍ പറ്റിയില്ല"

വീണ്ടും അവളുടെ മുഖത്ത് അത്ഭുതവും അങ്കലാപ്പും ബഹുമാനവും. എന്താ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. ഒരു കൊച്ചു കുട്ടിയുടെ നൈർമല്യത, അവളുടെ ഭാവങ്ങളിൽ. വാക്കുകള്‍ ഇല്ലായിരുന്നു, പിന്നീട് അവള്‍ക്ക് പറയാന്‍. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. നീലക്കണ്ണുകള്‍ ഉള്ള ഒരു സുന്ദരി... ലക്ഷ്മി 

പിന്നെ അവളായിരുന്നു എന്റെ പേനത്തുമ്പില്‍ നിറഞ്ഞത്. ഒരു ഇളം മഞ്ഞിന്റെ കുളിരു പോലെ മനോഹരമായ അനുഭൂതി. മനസ്സില്‍ പ്രണയത്തിന്റെ നനുത്ത സ്പര്‍ശനം ഒരു മയില്‍പീലിയെന്ന പോലെ എന്നെ തലോടി. വാക്കുകള്‍ക്കതീതമായിരുന്നു ആ നൈര്‍മല്യത. 

ഞാന്‍ എന്താണെഴുതുന്നതെന്നുള്ള ആകാംക്ഷയില്‍ അവളും...

പണ്ടെന്നോ പറയാൻ ബാക്കി വെച്ചു ഇപ്പോൾ വീണ്ടും അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ഞങ്ങൾ ആ യാത്രയുടെ പിന്നീടുള്ള നിമിഷങ്ങളിൽ വാക്കുകളിലൂടെ അടുത്തു. കഥകളും നോവലുകളും കവിതകളുമായിരുന്നു അവള്‍ക്കും എനിക്കും പ്രിയപ്പെട്ട സംസാരവിഷയം. ആ ചെറിയ ഇടവേളയില്‍ ജന്മാന്തരങ്ങള്‍ക്കപ്പുറമുള്ള ഒരു ആത്മബന്ധം ഞങ്ങളില്‍ ഉളവായി.

ട്രെയിന്‍ വനാന്തരങ്ങള്‍ പിന്നിട്ട് നഗരാതിര്‍ത്തി കടന്നത് ഞങ്ങള്‍ അറിഞ്ഞില്ല. ഒരു യാത്രയും അനന്തമല്ലല്ലോ. വിട പറയേണ്ട സമയമായി.

പ്രതീക്ഷാനിര്‍ഭരമായ, ഇനി എന്നെന്നേക്കും ഒന്നാകാനുള്ള ഒരു കൂടിക്കാഴ്ച്ച ഉണ്ടാകാന്‍ വേണ്ടി ഞങ്ങള്‍ പിരിഞ്ഞു...

ഒരു കുഞ്ഞു ഭാവന മനസ്സില്‍ നിന്ന് പകര്‍ത്തിയ ആത്മസംതൃപ്തിയോടെ ഞാന്‍ എന്റെ പേനയും പേപ്പറുകളും തിരികെ എടുത്തു വച്ചു. വീണ്ടും ആളൊഴിഞ്ഞ ആ ബോഗ്ഗിയില്‍ പുറത്തെ അനന്തമായ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു കൊണ്ട്.

ട്രെയിൻ ആ പച്ചപ്പുൽമേടുകൾക്കിടയിലൂടെ പായുമ്പോൾ ആ ബോഗ്ഗിയിൽ ഞാനും എന്റെ ഭാവനയും തനിച്ചായി.. ഒരു ചെറു പുഞ്ചിരിയോടെ...

0 comments:

Post a Comment