ഒരു വിഷുപ്പുലരി കൂടി. സ്വപ്നങ്ങളാണ് ഓരോ വിഷുക്കാലത്തും നെയ്തു കൂട്ടുന്നത്, ഹൃദയത്തിന്റെ കോണിൽ മയങ്ങുകയായിരുന്ന ഒരു കൂട്ടം നിറമുള്ള സ്വപ്‌നങ്ങൾ.
പുൽനാമ്പുകളിൽ തണുത്തുറഞ്ഞ മഞ്ഞു തുള്ളികൾ മാഞ്ഞു. ഋതുക്കൾ മകരമഞ്ഞിൻ കുളിര് എവിടെയോ ഒളിപ്പിച്ചു മേടച്ചൂടു സമ്മാനിക്കുന്നു. നിറശോഭയാർന്ന വസന്തം, പാറിപ്പറക്കുന്ന പക്ഷികൾ, പൂത്തു നില്കുന്ന കണികൊന്നമരങ്ങൾ. ഓരോ പ്രഭാതവും കണി കണ്ടുണരുന്നത് പ്രകൃതി ഏതോ കോണിൽ ആർക്കോ വേണ്ടി കാത്തു വെച്ച വിസ്മയങ്ങളാണ്.
ഒരു പക്ഷെ, മാറിയ കാലത്തിനൊപ്പം വിഷു എന്ന ആഘോഷവും മാറിയിരിക്കാം. എന്നാലും മനസ്സിൽ ഇപ്പോഴും ആ പഴയ വിഷുക്കാലം തന്നെ. ബാല്യത്തിന്റെ അത്ഭുതങ്ങളും ആഘോഷത്തിന്റെ ആനന്ദവും പിന്നെ കൈനീട്ടവും എല്ലാം ഉള്ള ആ പഴയ വിഷു.
അന്നും ഇന്നും മാറാതെ നിൽക്കുന്ന ചിലതുണ്ട്. വിഷുക്കണിയും കൈനീട്ടവും.. എന്നെന്നും അത് അങ്ങനെ തന്നെ നിലനിൽക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
"ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.."
- വൈലോപ്പിള്ളി
0 comments:
Post a Comment