കൊന്നപ്പൂ വിടരുന്ന പ്രഭാതങ്ങളിൽ കണി കണ്ടുണരാൻ ഒരു വിഷുക്കാലം കൂടി. വിഷുക്കാലത്ത് മനസ്സ് ബാല്യകാലത്തിലേക്ക് തിരിച്ചു പോകുന്നു, ഉറങ്ങിക്കിടക്കുന്ന പഴയ ഏതൊക്കെയോ ഓർമ്മകളെ വിളിച്ചുണർത്താനെന്ന പോലെ.
ജീവിതം എത്ര മുന്നോട്ട് പോയാലും വിഷുക്കാലത്തിന് ആ പഴയ മണം തന്നെയാണ്. കണി കണ്ടുണരുന്ന മനസ്സിൽ നിറയുന്ന കുളിർമ്മയും പിന്നെ ഒത്തിരി കൈനീട്ടം കിട്ടാൻ പോകുന്നത്തിന്റെ ആഹ്ലാദവും. ആ ദിവസത്തിന് ഇതു വരെ എനിക്ക് മനസ്സിലാക്കാനാകാത്ത എന്തോ ഒരു പ്രത്യേകത ഉണ്ട്. ഒരു പക്ഷേ മനസ്സു പറയുന്നതാകാം. എങ്കിലും വരും ദിനങ്ങളും ഇതു പോലെ തന്നെ ആകണേ എന്നു കൊതിച്ചു പോകുന്ന ഒരു അനുഭൂതിയാണത്.
...
എല്ലാവർക്കും വിഷുദിനാശംസകൾ... ഒരുപാട് കൈനീട്ടം കിട്ടാനും കൊടുക്കാനും ഉള്ള ഒരു മനസ്സും സാഹചര്യങ്ങളും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു...
മഴ...
മനസ്സിൽ പ്രണയം ഉണർത്തുന്ന ഒരു അനുഭൂതി.
മഴ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.
ചിന്തകളാൽ കലുഷിതമായ മനസ്സിൽ ഒരു കുളിരായി അവൾ പെയ്തിറങ്ങുന്നു.
നനുത്ത ഇലനാമ്പുകളിലൂടെ ഇറ്റു വീഴുന്ന ചെറുതുള്ളികൾ കുഞ്ഞു ചെടികളെ നാണത്തിൽ പുതച്ചിരുത്തുന്നു.
വേനലിൽ ഒരു നേർത്ത സ്പർശ്ശമായി അവൾ എത്തുന്നു.
മഴ എല്ലാവർക്കും ഇഷ്ടമാണ്.
നനുത്ത മഴയുടെ കുളിരിൽ അമ്മയുടെ കണ്ണു വെട്ടിച്ചു കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ?
അവിടെ ഒരു കുടക്കീഴിൽ അവളുടെ കൈ പിടിച്ചു അവൻ നടന്നു പോകുന്നു.
അവരെ പിരിക്കാതെ കയ്യോടു കൈ ചേർത്തു ഒന്നാക്കിയത് ഈ മഴ തന്നെ.
കോരിച്ചൊരിയുന്ന മഴയിൽ കൂടണയാൻ പറക്കുന്ന കിളികൾ.
ഈ ധൃതിയിലും അവർ ഈ മഴ ആസ്വദിക്കുന്നുണ്ടാകും.
ആർക്കാണ് മഴ ഇഷ്ടമല്ലാത്തത്? നിനക്കും ഇഷ്ടമല്ലേ മഴ?
എരിയുന്ന ഈ ചൂടിൽ ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് നീയും ഇപ്പോൾ ആഗ്രഹിക്കുന്നില്ലേ?
അതെ, എല്ലാവർക്കും മഴ ഇഷ്ടമാണ്.
എനിക്കും മഴ ഇഷ്ടമാണ്...
ഒരായിരം സ്വപ്നങ്ങൾക്ക് ചിറകു വിടർത്താൻ, നീ..
ഒരു കൊച്ചു കിളിയായെൻ അരികിലെത്തും.
പ്രണയം എനിക്ക് നഷ്ടമായ ഓരോ നിമിഷങ്ങളും നീ എനിക്ക് തിരിച്ചു നൽകും.
നീ എന്നരികിൽ എന്നത് ഒരു മധുരമുള്ള അനുഭൂതിയായ് മാറും.
അന്നെനിക്ക് ഭൂതകാലത്തിലെ നൊമ്പരങ്ങളും ഭാവിയെ പറ്റിയുള്ള വ്യാകുലതകളും ഉണ്ടാകില്ല..
ഉണ്ടാകുന്നത് നിന്റെ പുഞ്ചിരി തൂകുന്ന മുഖം മാത്രം..
നീ എന്നോടൊപ്പമുള്ള ആ നിമിഷങ്ങൾ ഓരോന്നും ഞാൻ ആസ്വദിക്കും..
മതി വരുവോളം.. എന്നെന്നും...
"അമ്മേ...എനിക്ക് ആനേ കാണണം..."
എന്റെ മടിയിൽ തല ചായ്ച്ചു അവൾ കിടന്നു. അവളുടെ ഈറനണിഞ്ഞ കണ്ണുകൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ കുഞ്ഞു സ്വപ്നങ്ങളാൽ അവളുടെ ചുണ്ടുകളിൽ ഒരു നനുത്ത പുഞ്ചിരി വിടർന്നു.
ഉച്ചവെയിലിന്റെ കാഠിന്യം കൂടി കൂടി വന്നു. അതോടൊപ്പം തന്നെ ആ ബസ് സ്റ്റാൻഡിലെ ആൾത്തിരക്കും. തന്നെ ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന ആളുകളുടെ ഇടയിൽ അയാൾ ഇരുന്നു, ആരോടും പരാതി ഇല്ലാതെ. അതിൽ അയാൾക്കൊന്നും തോന്നിയില്ല. കാരണം കഴിഞ്ഞ പന്ത്രണ്ടു വർഷമായി അയാൾക്കു മുന്നിലൂടെ നടന്നു പോകുന്ന ആളുകളുടെ പെരുമാറ്റത്തിൽ ഒരു വ്യത്യാസവും അയാൾ കണ്ടിട്ടില്ല.
മുഷിഞ്ഞ ഒരു തോർത്തുമുണ്ടിലാണ് അയാൾ ഇരുന്നിരുന്നത്. മുന്നിൽ ഒരു പിടി നാണയങ്ങൾ. അത് പെറുക്കി മടിയിൽ ഇട്ടു അയാൾ ഒന്നു കൂടി എണ്ണി നോക്കി. ഇരുപതു രൂപ, പക്ഷേ അതിൽ എട്ടെണ്ണം ഇപ്പോൾ ഗവണ്മെന്റിനു പോലും വേണ്ടാത്ത ഇരുപത്തി അഞ്ചു പൈസ നാണയങ്ങൾ. എല്ലാരും എതോ യാത്രയ്ക്കായുള്ള തിടുക്കത്തിൽ പോകുമ്പോൾ കയ്യിൽ കിട്ടിയ നാണയം ഏതാണെന്നു ശ്രദ്ധിച്ചു കാണില്ല, അയാൾ ആശ്വസിച്ചു
ഒരു സങ്കടം മാത്രം അപ്പോഴും ബാക്കി ആയി. ഒഴിഞ്ഞ വയർ ഒരു നേരമെങ്കിലും നിറയ്കണമെങ്കിൽ ഇനിയും വേണം ഏഴു രൂപ. ദീർഘനിശ്വാസത്തോടെ അയാൾ വീണ്ടും കാത്തിരുന്നു...
കാലം ഒത്തിരി പരീക്ഷണങ്ങൾ നടത്തിയതായിരുന്നു അയാളുടെ ജീവിതം. ആയ കാലത്ത് ഒത്തിരി കഠിനാധ്വാനം ചെയ്തു അന്നന്നേക്കുള്ള അന്നത്തിനു വക ഉണ്ടാക്കി. പക്ഷേ ഒന്നും സമ്പാദിക്കാൻ പറ്റിയില്ല. ഇന്ന് ഈ മധ്യാഹ്നത്തിൽ ഒന്നും ചെയ്യാൻ ത്രാണി ഇല്ലാതെ വഴിയോരത്ത് യാത്രികരുടെ കരുണ തേടി ഇരിക്കുന്നു. ഒരു പരിഭവമോ ഭാവഭേദമോ അയാളുടെ മുഖത്ത് കണ്ടില്ല. ഈശ്വരനിൽ അയാൾക്ക് വിശ്വാസം ഇല്ലായിരുന്നു. പക്ഷേ, വയറു നിറയ്ക്കാൻ കൂട്ടി വെയ്ക്കുന്ന ചില്ലറ തുട്ടുകൾ എറിഞ്ഞു തരുന്ന ഓരോരുത്തരിലും അയാൾ ഈശ്വരനെ കണ്ടു.
മുൻപിലൂടെ കടന്നു പോകുന്ന ഓരോ മുഖത്തേക്കും അയാൾ പ്രതീക്ഷയോടെ നോക്കി. പലരും അയാളെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. ചിലർ 'ഇയാളെ ഒക്കെ ആരാ ഇവിടെ ഇരുത്തിയത്?' എന്ന വെറുപ്പു കലർന്ന ഭാവത്തിൽ നോക്കി കടന്നു പോയി. മറ്റു ചിലരുടെ മുഖത്ത് ദൈന്യത, അവരും അയാളിൽ നിന്നു അകന്നു മാറി നടന്നു പോയി.
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ആളുകളുടെ എണ്ണവും കുറഞ്ഞു വന്നു. വിശപ്പ് ശരീരത്തെ തളർത്തി തുടങ്ങി. ഇനിയും ഇങ്ങനെ ഇരുന്നാൽ തനിക്ക് എന്തോ സംഭവിക്കുമെന്ന ഒരു ഭയം അയാളിൽ ഉളവായി തുടങ്ങി. വീണ്ടും ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.
മുന്നിൽ മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്ക്കൻ നടന്നു വരുന്നു.
ഒരിത്തിരി പ്രതീക്ഷയോടെ ആ യാചകൻ അയാൾക്കു നേരേ കൈ നീട്ടി...