സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന താളുകള്‍

ഒരു സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള അനശ്വരമായ യാത്ര. ആ യാത്രയില്‍ എനിക്ക് കൂട്ടായി ഈ ബ്ലോഗ്‌ മാത്രം.. ആരും അറിയാതെ മനസ്സില്‍ സുന്ദരമായ സ്വപ്‌നങ്ങള്‍ നെയ്യുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു...

ഒരു കുഞ്ഞു സ്വപ്നം 2

on Sunday, June 9, 2013

"അമ്മേ...എനിക്ക് ആനേ കാണണം..."


"ഒന്നു മിണ്ടാണ്ടിരിക്കണ്ടോ കുട്ട്യേ നിയ്യ്.. തൊഴുത് വന്നിട്ട് ആനയെ കാണാൻ പോകാം"

"അതെങ്ങന്യാമ്മേ? അപ്പൊഴേക്കും ആന പൊവ്വൂല്ലോ"

"ആന എങ്ങോട്ടും പോവ്വൂല്ല.. നന്ദൂട്ടൻ തിര്കെ വരുമ്പോഴും ആനേടെ കുളി കഴിഞ്ഞിട്ട്ണ്ടാവില്ല്യ"

"അതെന്തിനാ ആന ഇത്രേം നേരം കുളിക്കണെ? നിക്ക്  കുളിക്കാൻ ഇത്തിരി നേരം മതീല്ലോ?"

"നന്ദൂട്ടനെപ്പോലാണോ ആന? ആന വല്ല്യതല്ലേ?"

"ന്നാലും തൊഴുത് കഴിയുമ്പോ ആനേടെ കുളി കഴിഞ്ഞ് പോയാലോ?"

"കുളി കഴിഞ്ഞാലും ആന ഇവ്ടെ തന്നെ ഉണ്ടാകും.. ആ മാഞ്ചോട്ടിൽ പനയോല കണ്ടില്ല്യെ? അതും തിന്നോണ്ട് അവ്ടെ നിൽക്കണുണ്ടാവും"

"ആനക്കെന്തിനാ ഇത്രേം പനയോല? ഇത് മൊത്തം ആന തിന്ന്വോ?"

"ഇത് മൊത്തം തിന്നു കഴിഞ്ഞാലും ആന പോവ്വൂല്ല"

"നിക്ക് ഇപ്പോ ആനേ കാണണം"

"ഇപ്പൊ കാണാൻ പോയാലേ... ദേവി കോപിക്കും, നന്ദൂട്ടനോട്"

"അതെന്തിനാ ദേവി കോപിക്കണേ?"

"അത് നന്ദൂട്ടൻ ദേവിയെ തൊഴാൻ വേണ്ട്യല്ലേ അമ്പലത്തിൽ വന്നേക്ക്ണേ? ന്നിട്ട് തൊഴാതെ ആനേ കണ്ടോണ്ടു നിന്നാ ദേവിക്ക് ഇഷ്ടാവൊ?"

"അത് സാരല്ല്യ.. നിക്ക് ഇപ്പൊ ആനേ കാണണം"

"നന്ദൂട്ടീ, നോക്ക്.. ഉത്സവത്തിനു ദേവിയെ എഴുന്നള്ളിക്കാനാ ആന വന്നേക്ക്ണെ. ന്നിട്ട് ദേവിയെ കാണാതെ ആനേ മാത്രം കണ്ടോണ്ടിര്ന്നാൽ അടുത്ത തവണ ആന വരണ്ടാന്നു ദേവി പറയും.. പിന്നെ നന്ദൂട്ടനു ഒരിക്കലും ആനേ കാണാൻ പറ്റില്ല്യ"

"ഉം. തിര്യേ വരുമ്പൊ കാണണം"

"തിര്കേ വരുമ്പോ ന്തായാലും കാണാം"