സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന താളുകള്‍

ഒരു സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള അനശ്വരമായ യാത്ര. ആ യാത്രയില്‍ എനിക്ക് കൂട്ടായി ഈ ബ്ലോഗ്‌ മാത്രം.. ആരും അറിയാതെ മനസ്സില്‍ സുന്ദരമായ സ്വപ്‌നങ്ങള്‍ നെയ്യുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു...

ഒരു കുഞ്ഞു സ്വപ്നം

on Wednesday, January 23, 2013


"ദേവൂ, ഇങ്ങ് വന്നേ. ഒരു കൂട്ടം കാണിച്ചു തരാം"

ഏട്ടന്‍ വിളിച്ചപ്പോള്‍ മാഞ്ചുവട്ടില്‍ ശലഭങ്ങളെ തൊടാന്‍ പമ്മി നടക്കുകയായിരുന്ന  അവള്‍ ഓടിയെത്തി. മനോഹരമായ അസ്തമയസൂര്യന്‍ ചക്രവാളത്തില്‍ ചെഞ്ചുവപ്പണിയിച്ചു മറയുന്ന കാഴ്ച്ച കാണാന്‍ ആയിരുന്നു അവന്‍ അവളെ വിളിച്ചത്. അവര്‍ മലഞ്ചെരുവിലേക്ക് ഓടി.

പക്ഷെ, അപ്പോഴേക്കും അവരെ കളിപ്പിക്കാനെന്ന പോലെ സൂര്യന്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നു. ദേവൂനേം കൊണ്ട് വന്ന ഏട്ടന്റെ മുന്നില്‍ നിറം മങ്ങിയ ആകാശവും കാര്‍മേഘവും മാത്രം.

"എന്താ ഏട്ടാ, ഇവിടെ ഒന്നും ഇല്ലല്ലോ?"

തന്നെ കളിപ്പിക്കാന്‍ കൊണ്ടു വന്നതാണെന്നു കരുതി അവള്‍ കരയാന്‍ തുടങ്ങി. പാവം ഏട്ടന്‍ പരിഭ്രമിച്ചു. ഇനി എന്ത് ചെയ്യും? ഇങ്ങനെ ആകും എന്ന് അവന്‍ കരുതിയില്ലല്ലോ. അവന്‍ കണ്ണടച്ചു അടുത്ത നിമിഷങ്ങളില്‍ എന്താ സംഭവിക്കാന്‍ പോകുന്നതെന്നു ആലോചിച്ചു നിന്നു . അതോര്‍ത്തപ്പോള്‍ തന്നെ അവനു ഭയം തോന്നി. ഇനി എന്തു ചെയ്തിട്ടും കാര്യമില്ല.

"ഏട്ടാ.."

ദേവു വിളിച്ചു.

നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവളുടെ കുഞ്ഞു കണ്ണുകള്‍ അത്ഭുതത്തോടെ വിടര്‍ന്നു. മനോഹരമായ നീലാകാശത്തില്‍ വട്ടമിട്ടു പറക്കുന്ന ആയിരമായിരം കിളികള്‍. ദേവു ഏട്ടനെ നോക്കി. കുഞ്ഞു പെങ്ങള്‍ കരച്ചില്‍ നിര്‍ത്തിയതിന്റെ  സമാധാനത്തിലായിരുന്നു അവന്‍. അല്ലെങ്കില്‍ അവളെ കരയിപ്പിച്ചതിനു അച്ഛന്റെ  ശകാരം കേള്‍ക്കേണ്ടി വന്നേനെ.

കാര്‍മേഘങ്ങള്‍ നീങ്ങിയപ്പോള്‍ അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഏട്ടന്റെ കൈ പിടിച്ചു ദേവു തിരിച്ചു നടന്നു, നിഷ്കളങ്കബാല്യത്തിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ ഒന്നു കൂടി പൂവണിയിച്ചു കൊണ്ട്...